മനസ്സിനെ ഒരിക്കലെങ്കിലും തൊട്ടുണര്‍ത്തുന്ന വികാരം,"പ്രണയം", തൊട്ടടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന സ്നേഹം,ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞിരിക്കുമ്പോഴുള്ള പരിഭവം,ഒടുവില്‍ ഒരു വാക്കും പറയാതെ അകലുമ്പോഴുണ്ടാകുന്ന നൊമ്പരം.അതെ അതാണ് പ്രണയം.അത് മാത്രമാണ് പ്രണയം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക. പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.

Tuesday, 31 May 2011

നമ്മള്‍ നടക്കുകയായിരുന്നു
തണല്‍മരങള്‍ പച്ചവിരിച്ചു കിടക്കുന്ന
കായല്‍പ്പരപ്പുകളുടെ അരികിലൂടെ
ആ സാഹായ്നം എനിക്കും നിനക്കും
ഒരു പുതിയൊരനുഭവമായിരുന്നു!!!
എന്റെ ഇടംകൈയില്‍ നിന്റെ വലം കൈ ചേര്‍ത്തുപ്പിടിച്ച്
മനസ്സിലെ സ്വപ്നങള്‍ പങ്കുവെച്ച് നമ്മള്‍ നടന്നു നീങി..
ഇന്നു അതുപോലൊരു സായാഹ്നത്തില്‍ അതേ വഴിയിലൂടെ
ഞാന്‍ നടക്കുമ്പോള്‍ എന്റെ കൈകളില്‍
ചേര്‍ത്തു പിടിക്കാന്‍ നിന്റെ കൈകളില്ല
എന്റെ മനസ്സില്‍ തകര്‍ന്നു വീണ സ്വപ്നങള്‍ ആണ്
എന്റെ പ്രണയത്തിന്റെ സുഖത്തിനും
വിരഹത്തിന്റെ നൊമ്പരത്തിനും സാക്ഷിയായ്
ഈ കായലും തണല്‍മരങ്ങളും പിന്നെ
ഒരു പകല്‍ ഇരുട്ടിന് വഴിമാറുമ്പോള്‍ വന്നു വീഴുന്ന
ഒരു ചുവന്ന സന്ധ്യയും മാത്രം...
നിന്നെ പ്രണയിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല
എന്റെ മനസ്സില്‍ പ്രണയം നഷ്ടപ്പെട്ടിരുന്നു
ഞാന്‍ നിന്നോടൊപ്പം സല്ലപിച്ചിട്ടില്ല
എന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതായിരുന്നു
ഞാന്‍ നിന്നെ ഒന്നു പ്രേമത്തോടെ നോക്കിയിട്ടില്ല
എന്റെ കണ്ണില്‍ ഇരുട്ടായിരുന്നു
നീ എനിക്ക് തരാനാഗ്രഹിച്ചതെല്ലാം ഞാന്‍ അവഗണിച്ചു
എന്നില്‍ നിന്നും നീ കൊതിച്ചതെല്ലാം ഞാന്‍ മൂടിവെച്ചു
എന്നിട്ടും നീ എന്നെ പ്രണയിച്ചു നിന്റെ ജീവശ്വാസം പോലെ
ഈ സ്നേഹത്തിന് പകരം ഞാന്‍ നിനക്കെന്തു നല്‍കണം?

Monday, 30 May 2011

എന്റെ പുസ്തകതാളില്‍ നിന്റെ പ്രണയം നീ ഒരു മയില്‍പീലിയായി സൂക്ഷിച്ചു 
,ഇന്നലെ ഞാന്‍ ആ പുസ്തകം വെറുതെ തുറന്ന് നോക്കി. 
മയില്‍പീലി പെറ്റ് രണ്ടായിരിക്കുന്നു.അല്ല !! 
അത് മുറിഞ്ഞ് പോയതാണ് നിന്നിലെ പ്രണയം അറ്റുപോയതു പോലെ..
"പുഴപോലെ ഒഴുകുന്ന സ്നേഹം ബണ്ട് കെട്ടി തടയാന്‍ ശ്രമിച്ച നീ എത്ര വിഡ്ഡി .
കണ്ടില്ലേ ? അത് ബണ്ടിനു മുകളിലൂടെ കവിഞ്ഞൊഴുകുന്നത് "

Sunday, 29 May 2011

" നിന്റെ മിഴിയറിയാതെ ഉതിര്‍ന്നു വീണ കണ്ണുനീര്‍തുള്ളികളില്‍ ഞാന്‍ എന്റെ പാപം കഴുകികളയുന്നു "

Thursday, 19 May 2011

എന്റെ വാക്കുകള്‍ക്കുപ്പുറം ഒരു സ്നേഹമുണ്ടായിരുന്നു നിന്നോട്
എണ്ണിയാലൊടുങ്ങാത്ത,ഒരിക്കലും നിലയ്ക്കാത്ത തിരകള്‍ പോലെ
ആ തിരകള്‍ മുറിച്ച് കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ തളര്‍ന്ന 
ഒരു ശരീരം മാത്രമാണ് ഇന്ന് നിന്നില്‍.....
മനസ്സറിയാതെ ഒരു കാറ്റിനൊപ്പം മറഞ്ഞൊരു പ്രണയവും
അതില്‍ ശേഷിച്ച കണ്ണീരിന്റെ നനവുള്ള  കുറേ ഓര്‍മ്മകളും മാത്രം..
ഇനിയാ തിരകളുറങ്ങട്ടെ , മനസ്സിലെ നൊമ്പരങ്ങളെ മറക്കാന്‍
മനസ്സൊന്നു ശാന്തമാകാന്‍ എനിക്ക് അല്പനേരം ഒറ്റയ്ക്കിരിക്കണം 

Sunday, 15 May 2011


പ്രണയത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട്
കുരുക്കിയിട്ട ചങ്ങലകളെ ഭേദിച്ചു കൊണ്ട്
ഞാന്‍ സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുന്നു
ആ ചങ്ങലപ്പാടുകള്‍ എന്റെ മനസ്സിലുണ്ടാക്കിയ
മുറിവുകള്‍ എനിക്ക് ഇല്ലാതാക്കണം
കുശുംബും അഹങ്കാരവും ഇല്ലാത്ത
കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത വാക്കുകള്‍ കേള്‍ക്കണം .
സമാധാനമായി ഉറങ്ങണം പുതിയ പ്രതീക്ഷകളില്‍
എനിക്ക് ജീവിക്കണം.സ്വസ്ഥമായി ജീവിക്കണം

Wednesday, 11 May 2011

ഇനിയും എന്റെ കൈകോര്‍ത്തു പിടിച്ച് നിനക്ക നടക്കാനാവില്ല
മനസ്സില്‍ മറന്നിരിക്കുന്നു എന്നോടുള്ള പ്രണയം
എന്റെ സ്വപ്നങ്ങളെ മഴതുള്ളികള്‍ പോലെ ചിന്നിചിതറിച്ച്
എന്റെ ഓര്‍മ്മകളെ പോലും നീ മരവിപ്പിച്ചു.
മനസ്സില്‍ ഇരമ്പുന്ന വേദനകളെ പോലും തുറന്നുകാണിക്കാനാകതെ
എന്റെമാത്രം നൊമ്പരമായി മാറുന്നു
മിഴികളില്‍ ഒഴുകിനീങ്ങുന്ന കണ്ണുനീരുകള്‍ പോലെ
ഇരുവഴിയിലേക്ക് യാത്രയാകാന്‍ പോകുന്നു നീ അഗ്രഹിച്ചത് പോലെ 
ഇനി എന്റെയാത്രകളില്‍ ഞാന്‍ തനിച്ചാണ്, ആരും കൂട്ടിനില്ലാതെ
പുകമറഞ്ഞ ഒരു ലോകത്തേക്ക്,ഇരുട്ടിലേക്ക് നടന്നു നീങ്ങുകയാണ് 
ഒരു പക്ഷേ ഒരു ഒളിച്ചോട്ടം , തിരിച്ചു വിളിക്കരുത് ഇനിയൊരിക്കലും..

Tuesday, 10 May 2011

സ്വപ്നം വെറും തോന്നലുകളാണ് 
മനുഷ്യന്‍ മനസ്സില്‍ നെയ്തെടുക്കുന്ന
വെറും നൂലാമാലകള്‍ 
വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിയുന്നു
സ്വപ്നം ജീവിതമല്ലെന്ന സത്യവും..

Saturday, 7 May 2011

കടമെടുത്ത വാക്കുകളോ 
സത്യമല്ലാത്ത സ്നേഹമോ
ഞാന്‍ നിനക്ക് തന്നിട്ടില്ല
എന്നും ഞാന്‍ നിനക്ക് നല്‍കിയത്
എന്റെ മനസ്സാണ് നിന്നില്‍ നിന്നും
ഒന്നും മോഹിക്കാതെ എന്റെ മനസ്സ്

Thursday, 5 May 2011

ഉള്ളില്‍ കരഞ്ഞുകൊണ്ട് ചിരിക്കാം
പക്ഷേ ..
ചിരിച്ചുകൊണ്ട് ചതിക്കരുത്
ആരും ആരേയും

Tuesday, 3 May 2011

കാലം നീങ്ങികൊണ്ടിരിക്കുന്നു,
ചിന്തകള്‍ മാറികൊണ്ടിരിക്കുന്നു,
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു,
ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.
നീ എന്നില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു